ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം പരിശോധനയ്ക്കായി പാർക്ക് ചെയ്തിരിക്കുകയാണ്.
AI2651 എന്ന എയർ ഇന്ത്യ വിമാനമാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിന്റെ പിന്നാലെ ഡൽഹിയിലേക്കുള്ള തിരിച്ചുള്ള ഇന്നത്തെ സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നതായും, അതിനാൽ ശക്തമായ വായുചുഴി രൂപപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ലാൻഡിങ് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും ഉയർത്താൻ ശ്രമിച്ചതായും വിവരമുണ്ട്.
സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.






