ഏരൂർ: സ്ഥിര നിക്ഷേപ അക്കൗണ്ടിൽ തിരിമറി നടത്തി 7.21 ലക്ഷം രൂപ തട്ടിയെടുതത്തയാൾ പിടിയിൽ. ബാങ്കിലെ താൽക്കാലിക ജീവനക്കാരനായ കരവാളൂർ സ്വദേശി ലിബിൻ ടൈറ്റസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകൻ ബാങ്ക് അക്കൗണ്ടിൽ ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റങ്ങൾ വരുത്തിയാണു തട്ടിപ്പു നടത്തിയത്.
ബാങ്കിന്റെ മൊബൈൽ ആപ് വഴി പണം മറ്റു രണ്ടു പേരുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഇവർ പിന്നീട് ഈ പണം ലിബിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി പൊലീസ് കണ്ടെത്തി. പണം നിക്ഷേപിച്ചയാൾ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്.
ഇക്കാര്യത്തിൽ ലിബിൻ ടൈറ്റസിനെ സഹായിച്ചതിനു രാജേഷ് , സുമേഷ് എന്നീ രണ്ടു പേരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടന്നിട്ടുണ്ടോയെന്നു പൊലീസും ബാങ്ക് അധികൃതരും പരിശോധിക്കുന്നുണ്ട്.




