ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൽ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പെഹൽഗാമിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു 7 പേര്‍ക്ക് പരിക്കേറ്റു. ട്രെക്കിംഗിനായി പോയ വിനോദസഞ്ചാരികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. പരിക്കേറ്റവരിൽ മൂന്ന് പേർ പ്രദേശവാസികളും മൂന്ന് പേർ ഇതര സംസ്ഥാനക്കാരുമാണ്. ആക്രമിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പോലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് വൻ സുരക്ഷാ സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.






