ന്യൂഡൽഹി: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ഇളവ് തേടി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് അധിക സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു. ജമ്മുകശ്മീരിലെ അധ്യാപകർക്ക് അനുവദിച്ച ഇളവ് കേരളത്തിലെ അധ്യാപകർക്കും നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ സർവീസിൽനിന്ന് നീക്കണമെന്ന വിധിക്കെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം, ടെറ്റ് പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി കോടതി ഉയർത്തിയിരുന്നു. ഈ വിധിയിൽ കൂടുതൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. സമർപ്പിച്ച അപേക്ഷയിൽ നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച് തുടർച്ചയായി ജോലി ചെയ്യുന്ന അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ ടെറ്റ് യോഗ്യത നേടാൻ സമയം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പകരം, സർവീസ് ആനുകൂല്യങ്ങൾ ഉറപ്പാക്കി നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2010 ഓഗസ്റ്റ് 23-ന് മുൻപ് നിയമിതരായ അധ്യാപകർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിച്ചപ്പോൾ, അതിനുശേഷം നിയമനം ലഭിച്ച് പത്ത് വർഷത്തിലേറെയായി സർവീസിലുള്ള ആയിരക്കണക്കിന് അധ്യാപകർക്ക് സമാനമായ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മതിയായ സാവകാശമില്ലാതെ ഇവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ പെട്ടെന്ന് സർവീസിൽനിന്ന് ഒഴിവാക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെയും കുട്ടികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിലെ അധ്യാപകരുടെ കാര്യത്തിൽ സുപ്രീംകോടതി സമാനമായ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും കേരളത്തിലെ അധ്യാപകർക്കും അതേ പരിഗണന നൽകണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.


