തിരുവനന്തപുരം: ആശ തൊഴിലാളികളോടുള്ള സർക്കാരിന്റെ നിലപാടിനെതിരായ ജനങ്ങളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിച്ച സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ചതായും അസോസിയേഷൻ പറഞ്ഞു.
ആശമാരുടെ വേതനം വർധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട സമരം നടന്നിരുന്നു. 2025ലെ ബജറ്റിൽ ആവശ്യങ്ങൾ പരിഗണിക്കാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് കടന്നതാണെന്ന് അസോസിയേഷൻ അറിയിച്ചു. സമരം ഒത്തുതീർക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും സർക്കാർ അതിനെ അവഗണിച്ചുവെന്നും, സമരക്കാരോട് പ്രതികാര മനോഭാവം കാണിച്ചുവെന്നും സംഘടന ആരോപിച്ചു.
ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിച്ചതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അവർ കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതായും, തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയും അസോസിയേഷൻ മുന്നോട്ടുവച്ചു.






