ശബ്ദത്തിൽ മായാജാലം തീർക്കുന്ന ചിലരുണ്ട്. ഒരിക്കൽ കേട്ടാൽ വെടിച്ചില്ല് പോലെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി പിന്നീട് അവിടെനിന്നിറങ്ങാൻ കൂട്ടാക്കാത്ത തരത്തിലുള്ള സ്വരത്തിനുടമകൾ. അക്കൂട്ടത്തിൽ സംഗീതലോകത്ത് വേറിട്ടുനിന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു ഗായിക സ്വർണലത. സമാനതകളില്ലാത്ത ആലാപന ശൈലിയും ഉച്ചാരണ പാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് തന്നെ വിശ്വസിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സ്വർണലത ജനിച്ചത്. കുടുംബം അധികം വൈകാതെ തന്നെ കര്‍ണാടകയിലേക്ക് താമസമാറുകയായിരുന്നു. സംഗീതത്തോടായിരുന്നു ചെറുപ്പംമുതലേ സ്വര്‍ണലതയ്ക്ക് ഏറ്റവും പ്രിയം. തൻറെ മൂന്നാമത്തെ വയസ്സിൽ തന്നെ സംഗീതം അഭ്യസിക്കാൻ തുടങ്ങി. ചേച്ചി സരോജയായിരുന്നു സ്വർണലതയുടെ ആദ്യത്തെ ഗുരു. പതിനാലാം വയസ്സിലാണ് സ്വര്‍ണലത സിനിമയ്ക്കായി ഗാനമാലപിക്കുന്നത്. അതും സംഗീതലോകത്തെ മാന്ത്രികനായ എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍, നീതിക്കു ദണ്ഡനൈ എന്ന തമിഴ് സിനിമയ്ക്കായി.
സിനിമയില്‍ പാടണമെന്ന ആഗ്രഹത്താല്‍, എം.എസ്.വിശ്വനാഥനെ ചെന്ന് കാണുകയായിരുന്നു സ്വർണലത. അദ്ദേഹം ഒരു പാട്ടുപാടിപ്പിച്ചു, എന്നിട്ട് അവസരമുണ്ടെങ്കില്‍ വിളിക്കാമെന്നും പറഞ്ഞ്, എം.എസ്.വി അവരെ പറഞ്ഞുവിട്ടു. തുടർന്ന് അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു. അന്നത്തെ ആ പാട്ടൊരു തുടക്കം മാത്രമായിരുന്നു. ഏത് വികാരവും മനോഹരമായി പ്രതിഫലിപ്പിക്കുന്ന, ഉള്ളിലേക്ക് തറച്ചുകയറുന്ന ശബ്ദം തന്നെയായിരുന്നു അവരുടെ പ്രത്യേകത. അവരുടെ ശബ്ദത്തോളം വ്യത്യസ്തമായ ശബ്ദങ്ങള്‍ അധികം കേട്ടിട്ടില്ലെന്ന് അതിനുശേഷം എം.എസ്.വിശ്വനാഥന്‍ പറയുകയും ചെയ്തു. ‘സ്വര്‍ഗം ഭൂമിക്ക് നല്‍കിയ അനുഗ്രഹം’ എന്നാണ് സ്വര്‍ണലതയുടെ ശബ്ദത്തെ എം.എസ്.വിശ്വനാഥന്‍ വിശേഷിപ്പിച്ചത്.
അങ്ങനെ അവിടുന്ന് മലയാളം, തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി മറ്റുഭാഷകളിലേക്കും സ്വര്‍ണലതയുടെ ശബ്ദം കടന്നുചെന്നു. ഫാസ്റ്റ് നമ്പറുകളും മെലഡികളും ഒരുപോലെ ഭദ്രമായിരുന്നു അവരുടെ ശബ്ദത്തില്‍. ഇളയരാജയും, എ.ആര്‍.റഹ്മാനും കുറേ നല്ല പാട്ടുകള്‍ സ്വര്‍ണലതയ്ക്കായി നല്‍കി. 90-കളിലെ ഒട്ടുമിക്ക എ.ആര്‍.റഹ്മാന്‍, ഇളയരാജ ഹിറ്റുകളും സ്വര്‍ണലതയാണ് പാടിയത്. തന്റെ എല്ലാത്തരത്തിലുള്ള പാട്ടുകള്‍ക്കും ഇളയരാജ സ്വര്‍ണലതയുടെ ശബ്ദമുപയോഗിച്ചു. ഇളയരാജ സംഗീതം നല്‍കി 1991 ൽ പുറത്തിറങ്ങിയ ചിന്നത്തമ്പിയിലെ പാട്ടിനാണ് സ്വര്‍ണലതയ്ക്ക് ആദ്യമായി തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ലഭിക്കുന്നത്. അതും പതിനെട്ടാമത്തെ വയസ്സില്‍. നീയെങ്കേ എന്‍ അന്‍പേ, രാക്കമ്മ കയ്യൈത്തട്ട്, ഉന്നൈ നിനൈത്തേന്‍ പാട്ട് പടിച്ചേന്‍…ഇങ്ങനെ എത്രഎത്രയോ ഹിറ്റുകള്‍. അതുകൂടാതെ ഇളയരാജയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്ന് സ്വര്‍ണലതയുടേതായിരുന്നു.
മായാ മച്ചിന്ദ്ര, മുക്കാല മുക്കാബല, കുച്ചി കുച്ചി റാക്കമ്മ, ഉളുന്തു വിതൈക്കയിലേ….റഹ്മാന്റെ സംഗീതത്തില്‍ 80-ഓളം പാട്ടുകാലിലാണ് സ്വർണലത തന്റെ മന്ദ്രിക മുദ്ര പതിപ്പിച്ചത്. എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയ കറുത്തമ്മ എന്ന സിനിമയിലെ പാട്ടിന് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും തമിഴ്‌നാട് സംസ്ഥാനപുരസ്‌കാരവും അവരെ തേടിയെത്തി. എ.ആര്‍.റഹ്മാന്‍ തന്നെ ഈണംനല്‍കിയ അലൈപായുതേ എന്ന സിനിമയിലെ പാട്ടിനും സംസ്ഥാനപുരസ്‌കാരം ലഭിച്ചു. സ്വര്‍ണലതയുടെ ശബ്ദത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ റഹ്മാന്‍, അവര്‍ക്ക് ഹിന്ദിയിലും അവസരം നല്‍കി. രംഗീല എന്ന സിനിമയിലെ ‘ഹായ് റാമാ യേ ക്യാ ഹുവാ’ എന്ന പാട്ട് സ്വര്‍ണ്ണലതയുടെ പ്രശസ്തി ബോളിവുഡിലുമെത്തിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സംഗീതസംവിധായകന്‍ ആഗ്രഹിച്ചതിനും അപ്പുറത്തേക്ക് പാട്ടിനെ കൊണ്ടുപോകാനുള്ള കഴിവാണ് എല്ലാവര്‍ക്കും അവരെ പ്രിയങ്കരിയാക്കിയത്.
മലയാളത്തില്‍ അത്രയധികം പാട്ടുകള്‍ പാടാന്‍ അവര്‍ക്ക് അവസരം കിട്ടിയിട്ടില്ല. എങ്കിലും പാടിയതെല്ലാം സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ തന്നെ. 90-കളില്‍ സിനിമാപ്പാട്ടുകളേക്കാള്‍ ആളുകള്‍ നെഞ്ചേറ്റിയത് ചില ആൽബം ഗാനങ്ങളാണല്ലേ. ഇന്നത്തെ പോലെ സാമൂഹ്യമാധ്യമങ്ങളോ അധികം ടി.വി.ചാനലുകളോ ഒന്നുമില്ലാത്ത ഒരു സമയം. ടി.വി.യിലും റേഡിയോയിലും കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഒരു പ്രത്യേക, എന്നും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇന്നും ആളുകള്‍ നേജിലെത്തിയ ചിലഗണങ്ങളിൽ പെടുന്ന ഒന്നാണ് 2008 ൽ മോഹം എന്ന ആൽബത്തിലൂടെ പുറത്തിറങ്ങിയ കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞുപോലയീ പ്രണയം എന്ന ഗാനം.മാണിക്യക്കല്ലാല്‍, നന്ദലാല, കടമിഴിയില്‍ (തെങ്കാശിപ്പട്ടണം), അവ്വാ അവ്വാ…തുടങ്ങിയവ അവയില്‍ ചിലതുമാത്രം. മുപ്പത്തിയേഴാമത്തെ വയസ്സിലാണ് അവരെ മരണം തട്ടിയെടുക്കുന്നത്. ഈ ലോകത്തോട് വിടപറയുമ്പോഴും അവരെ കാത്ത് കുറേ സംഗീതസംവിധായകരും ഒരുപിടി നല്ല പാട്ടുകളും കാത്തിരിപ്പുണ്ടായിരുന്നു.




