കൊല്ലം: രാജ്യാന്തര വനിതാ ചലച്ചിത്രമേള ഈ 23 മുതൽ കൊട്ടാരക്കരയിൽ. ഈ മാസം 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. ചന്തമുക്ക് മുനിസിപ്പൽ സ്‌ക്വയറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് ഓഫീസിന്റെ ഉത്ഘാടനം നിർവഹിച്ചത്. നഗരസഭ ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ,കെ.അനിൽകുമാർ അമ്പലക്കര ,അനിത ഗോപകുമാർ, ശ്രീജ, ലാലി, എസ്. ആർ.രമേശ്,സി. മുകേഷ്,പി.കെ.ജോൺസൺ, വി. സുദേശൻ,സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
കൊട്ടാരക്കര∙ മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായാണ് മേള. വനിതാ സംവിധായകരുടെ ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും ഉൾപ്പെടെ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 29–ാംമത് ഐഎഫ്എഫ്കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടുന്നു.
മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും.1000 പേർക്കാണ് മേളയിൽ പ്രവേശനം. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ നടത്താം. ജിഎസ്ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാർഥികൾക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി റജിസ്റ്റർ സൗകര്യം സംഘാടക സമിതി ഓഫിസിൽ ഉണ്ട്.
ലോകത്തെ മുൻനിര ചിത്രങ്ങളും
കൊട്ടാരക്കര∙ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ ലോകത്തെ മുൻനിര ചിത്രങ്ങളും. 2024ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ആണ് ഉദ്ഘാടന ചിത്രം. കാൻ മേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ‘ദ സബ്സ്റ്റൻസ്’ മറ്റൊരു മുഖ്യ ആകർഷണമാണ്. കോറാളി ഫാർഷ സംവിധാനം ചെയ്ത ഈ ചിത്രം ചമയത്തിനുള്ള ഓസ്‌കാർ അവാർഡ്, ഡെമി മൂറിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയും നേടിക്കൊടുത്തു.
ബോഡി ഹൊറർ വിഭാഗത്തിൽപെട്ട ചിത്രം ഞെട്ടിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ബെർലിൻ ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തിയ ‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’ കഴിഞ്ഞ ഐഎഫ്എഫ്കെ നെഞ്ചിലേറ്റിയ സിനിമയാണ്. ബെർലിൻ മേളയിൽ ആദ്യ പ്രദർശനം നടത്തിയ, 29–ാംമത് ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ‘എൽബോ’ ഒരു ജർമൻ നോവലിന്റെ അനുവർത്തനമാണ്.
ബുസാൻ ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ റിമാ ദാസിന്റെ ‘വില്ലേജ് റോക്ക് സ്റ്റാർസ് 2’ പ്രദർശനത്തിനുണ്ടാകും. കാൻ, ലൊകാർണോ, ബീജിങ് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളാണ് ഫീമെയ്ൽ ഗേസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഎഫ്എഫ്കെയിൽ നവാഗത സംവിധാനത്തിനുള്ള കെ.ആർ. മോഹനൻ അവാർഡ് നേടിയ ‘അപ്പുറം’, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ‘വിക്ടോറിയ’ എന്നിവയും മേളയിൽ പ്രദർശിപ്പിക്കും.






