തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണുള്ളത്. 2026 മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പരമാവധി പഞ്ചായത്തുകളും നഗരസഭകളും മുനിസിപ്പാലിറ്റികളും പിടിച്ചെടുക്കേണ്ടത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. കൂടുതൽ കരുത്ത് കാട്ടുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ എളുപ്പമാകും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ പരോക്ഷമായി ആരംഭിക്കുക പോലും ചെയ്തിട്ടുണ്ട്.
തദ്ദേശം കൈപ്പിടിയിൽ ഒതുക്കുവാൻ വിപുലമായ പദ്ധതികളാണ് കെപിസിസി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇനിമുതൽ ഏതെങ്കിലും വാർഡിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് അതാത് വാർഡുകളിൽ ഉള്ളവർ മാത്രമാണെന്ന തീരുമാനത്തിലേക്ക് പോലും കെപിസിസി എത്തിയിട്ടുണ്ട്. സാധാരണ നിലയിൽ കോൺഗ്രസിനുള്ളിൽ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നടക്കുന്നതു പോലെ തന്നെയാണ് സ്ഥാനാർത്ഥിനിർണയം പ്രാദേശിക തെരഞ്ഞെടുപ്പുകളിലും സംഭവിക്കാറുള്ളത്.
ജനസ്വീകാര്യത ഇല്ലാത്ത, വാർഡിൽ വേണ്ടത്ര പ്രവർത്തന പരിചയം ഇല്ലാത്ത, ജനങ്ങളുമായും പ്രവർത്തകരുമായും യാതൊരു ബന്ധവുമില്ലാത്ത പലരും സ്ഥാനാർത്ഥികളായി കടന്നു വരാറുണ്ട്. സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇത്തരത്തിൽ സ്ഥാനാർത്ഥി കുപ്പായം അണിയുന്നവർ എട്ട് നിലയിൽ പൊട്ടാറും ഉണ്ട്. ഇതിന് അന്ത്യം കുറിക്കുകയാണ് കെപിസിസിയുടെ ലക്ഷ്യം. കൂടുതൽ അധികാരം പ്രാദേശിക തലങ്ങളിലെ നേതൃത്വങ്ങൾക്ക് നൽകുവാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഇതുവഴി കൂടുതൽ വിജയസാധ്യത കൈവരിക്കുവാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു.
പാർട്ടിയുടെ അടിത്തട്ടിലെ സംഘടനാപരമായ ദൗർബല്യങ്ങൾ മനസ്സിലാക്കി, പ്രാദേശിക സ്വാധീനമുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഡൽഹിയിലെത്തിയ കെപിസിസി നേതൃത്വവുമായി ഹൈക്കമാൻഡ് ചർച്ച ചെയ്തത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഓരോ വാർഡിലെയും വീടുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ശേഖരിച്ച് വീടുകൾ കയറി ബന്ധങ്ങൾ ശക്തമാക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുടുംബ സംഗമങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയിട്ടില്ല.
വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരങ്ങളും ഉൾപ്പെടുത്തിയ കുടുംബ രജിസ്റ്റർ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. വാർഡ് കമ്മിറ്റി അംഗങ്ങൾ മാസത്തിൽ ഒരിക്കലെങ്കിലും ഓരോ വീടുകളും സന്ദർശിക്കണം. വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി നല്ല ബന്ധം സ്ഥാപിക്കാനും താഴെത്തട്ടിൽ നിർദ്ദേശമുണ്ട്. പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വികസന രേഖയും പ്രതിപക്ഷത്തിരിക്കുന്ന സ്ഥലങ്ങളിൽ കുറ്റപത്രവും തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബ്ലോക്ക്, വാർഡ് തല ശിൽപശാലകൾ പുരോഗമിക്കുകയാണ്. വാർഡ് പുനർവിഭജനം അടുത്ത മാസത്തോടെ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ വാർഡ് കമ്മിറ്റികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയുള്ള കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ ഇതിനുശേഷമുണ്ടാകും.
ജില്ലാതല കോർ കമ്മിറ്റികൾ ഇടപെട്ടിട്ടും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാൻ വർക്കിംഗ് പ്രസിഡന്റുമാരും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഉൾപ്പെട്ട സംഘത്തെ പാർട്ടി നിയോഗിച്ചിരുന്നു. ഈ മാസം മുതൽ സംഘം ജില്ലാതല സന്ദർശനം നടത്താനിരിക്കെയാണ് വർക്കിംഗ് പ്രസിഡന്റുമാരെ അപ്രതീക്ഷിതമായി മാറ്റിയത്. പുതിയ നേതൃത്വത്തിന് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. പുതിയ നേതൃത്വവും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
ഏതായാലും പ്രാദേശിക തലങ്ങളിൽ ഓളം ഉണ്ടാക്കാതെ ഇനി കോൺഗ്രസിന് രക്ഷയില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. പ്രാദേശിക തലങ്ങളിൽ ഉണ്ടായ മുന്നേറ്റങ്ങളാണ് കോൺഗ്രസിനെ പല തിരിച്ചടികളിൽ നിന്നും സംസ്ഥാനതലത്തിൽ ആണെങ്കിലും ദേശീയ തലത്തിൽ ആണെങ്കിലും മുന്നോട്ടു കൊണ്ടു വന്നിട്ടുള്ളത്. അതേ ശൈലിയിൽ തന്നെ വീണ്ടും തിരിച്ചുവരവിന് കാഹളം മുഴക്കുവാൻ ആണ് പ്രാദേശിക തലങ്ങളിൽ മുന്നേറ്റത്തിന് പാർട്ടി ശ്രമിക്കുന്നത്. സംഘടനയുടെ പ്രചാരണ പരിപാടികൾക്കൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റു പ്രവർത്തനങ്ങളും നടത്തുവാൻ ആഹ്വാനമുണ്ട്.
സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും കൃത്യമായ രാഷ്ട്രീയമൊന്നും ഇല്ലാത്ത ചില കൂട്ടായ്മകൾ കൂടി രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ പ്രവർത്തകർ സജീവമാകണമെന്ന നിർദ്ദേശം കോൺഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഏതായാലും കോൺഗ്രസിനെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാന വണ്ടിയാണ്. കൃത്യമായി ഈ വണ്ടിയിലും കേറി കൂടുവാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരുക.




