കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ സ്‌കൂട്ടറിനുള്ളിലേക്ക് കയറിയ പെരുമ്പാമ്പ് യുവാവിനെ നടുറോഡിൽ കുടുക്കിയത് മൂന്നര മണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിനാണ് അപൂർവമായ ഈ അനുഭവം നേരിടേണ്ടി വന്നത്. സംഭവം വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ.
തൊട്ടിൽപ്പാലത്തിൽ നിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ചുരത്തിലെ വ്യൂപോയിന്റിന് സമീപം എത്തിയപ്പോൾ കാട്ടിൽ നിന്ന് ഒരു പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നൗഫൽ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. ഇതോടെ സ്‌കൂട്ടർ മറിഞ്ഞ് നൗഫലിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു.
വീണ ശേഷം എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി നിർത്തിയപ്പോൾ പാമ്പ് വാഹനത്തിനുള്ളിലേക്ക് കയറി. സഹായത്തിനായി വിളിച്ചപ്പോഴേക്കും പാമ്പ് സ്‌കൂട്ടറിന്റെ ബോഡിക്കുള്ളിലേക്ക് മുഴുവൻ ഒളിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്തക്കാരൻ സ്ഥലത്തെത്തി. ഏറെ ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ വാഹനത്തിന്റെ ബോഡി അഴിച്ചുമാറ്റാൻ തീരുമാനിച്ചു.
ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ സ്‌കൂട്ടർ അഴിച്ച ശേഷം പാമ്പിനെ പിടികൂടാനായപ്പോൾ സമയം അർധരാത്രി ഒരു മണിയോടടുത്തിരുന്നു. തുടർന്ന് മാത്രമാണ് നൗഫലിന് യാത്ര തുടരാനായത്. കുണ്ടുതോട് സ്വദേശിയായ നൗഫൽ കുറ്റ്യാടി പാറക്കടവിൽ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്യുകയാണ്.




