പാലക്കാട് : ആലത്തൂർ കാവശ്ശേരി വടക്കേനട- പത്തനാപുരം-തോണിപ്പാടം റോഡിൽ ഗായത്രിപ്പുഴയ്ക്കു കുറുകേ നിർമിക്കുന്ന
പത്തനാപുരം പാലം താൽക്കാലികമായി ഇന്ന് മുതൽ ഗതാഗതത്തിന് തുറന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ആറാം വാർഡ് പത്തനാപുരത്തെ പോളിംഗ് സ്റ്റേഷൻ അക്കരെയുള്ള എൻ.എം.യു.പി സ്കൂളിലാണ്. അതേ സമയം ഭൂരിഭാഗം വോട്ടർമാർ ഇക്കരെയും ആയതുമാണ് ഇപ്പോൾ താൽക്കാലികമായി തുറന്നു കൊടുക്കാൻ കാരണം. ചെറുകിട യാത്രാ വാഹനങ്ങൾക്ക് വേണ്ടിയാണ് തുറന്നു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകില്ല. ഇലക്ഷനു ശേഷം വീണ്ടും അടച്ച് ടാറിംഗ് നടത്തും.
നേരത്തേ പാലത്തിലൂടെ താൽക്കാലികമായി കാൽനടയാത്രാ സംവിധാനം ഒരുക്കിയെങ്കിലും പാലം പണി
ഇഴയുകയായിരുന്നു. പുഴയിൽ മണ്ണിട്ടുയർത്തി നിർമിച്ച ബണ്ടിലൂടെയായിരുന്നു മഴയ്ക്ക് മുന്നേ ഇരുകരയിലേക്കുമുള്ള യാത്ര. മെയിൽ ശക്തമായ മഴ പെയ്ത് പുഴയിൽ വെള്ളം ഉയർന്നതോടെ ബണ്ട് തകർന്ന് ഗതാഗതം നിലച്ചു. ഇതോടെ തോണിപ്പാടം, തോടുകാട്,മാട്ടുമല, അമ്പലക്കാട്, കരിങ്കുളങ്ങര, പത്തനാപുരം, ഞാറക്കോട് പ്രദേശത്തുകാർ ഒറ്റപ്പെട്ടു.
മഴയിൽ പലതവണ ബണ്ടിന്റെ ഭാഗം ഒഴുകിപ്പോയത് വീണ്ടും മണ്ണിട്ട് യാത്രാ യോഗ്യമാക്കിയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അരനൂറ്റാണ്ടോളം പഴക്കമുള്ള പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി ആരംഭിച്ചത്.മുമ്പ് മഴക്കാലത്ത് മുങ്ങുന്ന ഉയരം കുറഞ്ഞ പാലമാണ് ഉണ്ടായിരുന്ന ത്. പുതിയ പാലം 8.82 കോടിരൂപ ചെലവിൽ 78 മീറ്റർ നീളത്തിലാണ് നിർമിക്കുക. 11 മീറ്ററാണ് വീതി. മഴക്കാലത്ത് വെള്ളം കയറാത്തവിധം ഉയ രമുണ്ടാകും. പാലത്തിന് ഇരു വശത്തും നടപ്പാതയുണ്ടാകും.






