തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിൽ തർക്കമില്ലെന്നും കെ സി വേണുഗോപാലപം രമേശ് ചെന്നിത്തലയുമായും ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, 85 സീറ്റുകളിൽ ഒരേയൊരു പേരാണ് നേതാക്കൾ ചേർന്ന് നൽകിയതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, മുൻകാലങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടതായി പറഞ്ഞ സതീശൻ, അന്നത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ അതിൽ ദുഃഖമില്ലെന്നും പറഞ്ഞു. എനിക്ക് കിട്ടിയ പോലും ലഭിക്കാത്തവരുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തിൽ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ല. ഞാനിപ്പോൾ സംതൃപ്തനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.





