ലോകത്ത് ഒരു രാജ്യത്തിന്റെ ശക്തിയും സ്വാധീനവും വിലയിരുത്തന്ന സമയത്ത്, സാധാരണയായി രാജ്യത്തിന്റെ സൈന്യത്തിന്റെ വലുപ്പം, പ്രദേശത്തിന്റെ വ്യാപ്തി, അല്ലെങ്കിൽ സാമ്പത്തിക ശക്തി എന്നിവയാണ്. എന്നാൽ ഈ പരമ്പരാഗത ധാരണകളെ മുഴുവൻ മറികടക്കുന്നൊരു ഉദാഹരണമാണ് യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിച്ചെൻസ്റ്റൈൻ എന്ന ചെറുരാജ്യം. വെറും 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം വിഭവപരിമിതിയുണ്ടായിട്ടും ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്.
യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തമായി പട്ടാളമില്ല, കറൻസിയില്ല. സ്വന്തമായി ഒരു അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത ഈ രാജ്യത്തെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം വളരെ വലുതാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. വലിയ കെട്ടിടങ്ങൾക്കും തിരക്കേറിയ നഗരങ്ങൾക്കും പകരം പർവതങ്ങളും പച്ചപ്പും ചെറുഗ്രാമങ്ങളും നിറഞ്ഞതാണ് ലിച്ചെൻസ്റ്റൈൻ.
ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം കൂടിയാണ്. വിസ്തൃതിയിൽ വെറും 25 കിലോമീറ്റർ നീളവും ആറ് കിലോമീറ്റർ വീതിയും മാത്രമുള്ള ഈ രാജ്യം ആൽപ്‌സ് പർവതനിരകളുടെ മടിത്തട്ടിൽ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞൻ രാജ്യം സാമ്പത്തിക വളർച്ചയിലും സാമൂഹിക സ്ഥിരതയിലും ലോകത്തിന് ഒരു മാതൃകയാണ്.
രാജ്യത്തിൻറെ ആകെ വിസ്തീർണം വെറും 62 ചതുരശ്ര കിലോമീറ്ററാണ്, ജനസംഖ്യ ഏകദേശം 40,000. ഇതിൽ 70 ശതമാനവും കുടിയേറ്റക്കാരാണ്. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമായി കണക്കാക്കപ്പെടുന്ന ലിച്ചൻസ്റ്റൈൻ, അയൽരാജ്യമായ സ്വിറ്റ്സർലാൻഡിനെയാണ് പല മേഖലകളിലും ആശ്രയിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തിയോ അതിർത്തി നിയന്ത്രണങ്ങളോ നിലവിലില്ല. സ്വിറ്റ്സർലാൻഡിൽ നിന്ന് ലിച്ചൻസ്റ്റൈനിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് പാസ്പോർട്ട് പരിശോധന പോലുള്ള നടപടികളും ആവശ്യമില്ല.
സ്വിസ് ഫ്രാങ്ക് തന്നെയാണ് ലിച്ചൻസ്റ്റൈൻ ഉപയോഗിക്കുന്ന കറൻസിയും. ഇതിലൂടെ ചെലവേറിയ സെൻട്രൽ ബാങ്ക് സ്ഥാപിക്കാനുള്ള ആവശ്യകതയും കറൻസി മാനേജ്മെന്റിലെ ബുദ്ധിമുട്ടുകളും രാജ്യം ഒഴിവാക്കി. അതുപോലെ, സ്വന്തം വിമാനത്താവളം നിർമ്മിക്കുന്നതിന് പകരം സ്വിറ്റ്സർലാൻഡിന്റെയും ഓസ്ട്രിയയുടെയും ഗതാഗത ശൃംഖലകൾ ഉപയോഗപ്പെടുത്തി, കോടിക്കണക്കിന് ഡോളർ ലാഭിക്കുന്നതിലും ലിച്ചൻസ്റ്റൈൻ വിജയിച്ചിട്ടുണ്ട്.
ലിച്ചൻസ്റ്റൈന്റെ യഥാർത്ഥ ശക്തി വ്യവസായത്തിന്റെയും നവീകരണത്തിന്റെയും മേഖലയിലാണ്. ദന്തചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൈക്രോ ഡ്രില്ലുകളിൽ നിന്ന് എയ്റോസ്പേസ് സാങ്കേതികവിദ്യയും ഓട്ടോമൊബൈൽ ഭാഗങ്ങളും വരെ നിർമ്മിക്കുന്ന പ്രിസിഷൻ എഞ്ചിനീയറിങ്ങിൽ ഈ ചെറിയ രാജ്യം ലോകത്തിന് മുന്നിലാണ്.
നിർമാണ ഉപകരണങ്ങളിൽ ആഗോളനേതൃത്വം പുലർത്തുന്ന ഹിൽറ്റി എന്ന ബഹുരാഷ്ട്ര കമ്പനി, ലിച്ചൻസ്റ്റൈന്റെ വ്യവസായശക്തിയുടെ പ്രധാന പ്രതീകമായി കണക്കാക്കപ്പെടുന്നു. നികുതി നിരക്കുകൾ കുറവായതിനാൽ നിരവധി കമ്പനികൾ ലിച്ചെൻസ്റ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൗരന്മാരേക്കാൾ കൂടുതൽ കമ്പനികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിച്ചൻസ്റ്റൈനിൽ തൊഴിലില്ലായ്മ എന്നത് വാസ്തവത്തിൽ ഇല്ലാത്തതാണ്. ഇവിടെ ഒരാൾക്കും ജോലി ലഭിക്കാതെ ഇരിക്കേണ്ട സാഹചര്യം ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ പൗരന്മാരുടെ വരുമാനം വർഷംതോറും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ കൃത്രിമ പല്ലുകളുടെ ഏകദേശം 20 ശതമാനവും ലിച്ചൻസ്റ്റൈനിലാണ് നിർമ്മിക്കുന്നത്. ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. യൂറോപ്പിൽ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികൾ വരുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് ലിച്ചൻസ്റ്റൈൻ.
കടബാധ്യതയില്ലാത്ത രാജ്യം കൂടിയാണ് ലിച്ചെൻസ്റ്റൈൻ. കുറ്റകൃത്യങ്ങളുടെ നിരക്കും ഇവിടെ വളരെ കൂറവാണ്, അതിനാൽ ജയിലുകളിൽ വളരെ കുറച്ച് തടവുകാരെ മാത്രമേ ഉള്ളൂ. ഇവിടെ ജനങ്ങൾ രാത്രി വീട്ടുവാതിലുകൾ പോലും പൂട്ടാറില്ലെന്നാണ് പറയപ്പെടുന്നത്.

