കോട്ടയം: ജില്ലയില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ദുരിതത്തില്‍. സ്റ്റേഷനിലെ വിവിധ കാര്യങ്ങള്‍ ദിവസവും കൈകാര്യം ചെയ്യാന്‍ അറുപതു പോലീസുകാരെങ്കിലും കുറഞ്ഞത് വേണമെന്നിരിക്കെ മുപ്പത്തിനാലു പേര്‍ മാത്രമാണ് ഇവിടെയുള്ളത്.
ഒരു എസ്എച്ച്ഒ, ഒരു എസ്‌ഐ, രണ്ടു എഎസ്‌ഐ, പത്തു സീനിയര്‍ സിപിഒ, പതിനഞ്ചു സിപിഒ, നാലു വനിത സിപിഒ, രണ്ടു സ്റ്റേഷൻ ഡ്രൈവര്‍മാർ എന്നിങ്ങനെയാണ്. ജില്ലയിലെ പിടികിട്ടാപ്പുള്ളികളടക്കം കൊടും ക്രിമിനലുകളും ഓരോ മാസവും നൂറിനും നൂറ്റമ്പതിനുമിടയില്‍ കേസുകളും രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷന്‍കൂടിയാണ്.
തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെ അറുപത് വാര്‍ഡുകളിലെ ലോ ആൻഡ് ഓര്‍ഡര്‍ കാര്യങ്ങളാണ് ഈ സ്റ്റേഷനില്‍ നിര്‍വഹിക്കപ്പെടുന്നത്. രാസലഹരി, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഓരോ ദിവസവും ഈ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ചുവര്‍ഷം മുമ്പ് കൊക്കോട്ടുചിറയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരുന്നു. സമീപ പ്രദേശമായ പായിപ്പാട്ട് നൂറിലധികം ക്യാമ്പുകളിലായി ഏഴായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വിവിധ കേസുകൾ ഉള്ളവർ ഇവിടെ ഒളിച്ചു താമസിക്കുന്നവരുണ്ട് ഇവർക്കിടയിൽ.










