മുംബൈ: മാതൃത്വം നൽകുന്ന സന്തോഷത്തോടൊപ്പം തന്നെ അമ്മമാർ അനുഭവിക്കുന്ന കഠിനമായ മാനസിക-ശാരീരിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറയുന്ന ഒരമ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ട് വയസ്സുകാരനായ മകന്റെ അമ്മയായ ജഷിത് സിങ് നരൂലയാണ്, തന്റെ മകൻ തന്നോട് കാണിക്കുന്ന അമിതമായ അടുപ്പം തന്നെ എത്രത്തോളം തളർത്തുന്നുവെന്ന് വികാരാധീനയായി പങ്കുവെച്ചത്.
കുഞ്ഞ് ജനിച്ച് ആദ്യ മാസങ്ങളിൽ അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും, കുട്ടി വളരുന്ന ഘട്ടത്തിലെ വെല്ലുവിളികൾ ആരും ചർച്ച ചെയ്യുന്നില്ലെന്ന് ജഷിത് ചൂണ്ടിക്കാട്ടുന്നു. “അമ്മ ഗോദി” (അമ്മയുടെ മടിയിൽ) എന്ന് വിളിച്ചുകൊണ്ട് ഒരു മിനിറ്റ് പോലും മകൻ തന്നെ വിട്ടുമാറുന്നില്ലെന്നും, വാഷ്റൂമിൽ പോകാനോ പാചകം ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അവർ വീഡിയോയിൽ പറയുന്നു. അച്ഛനോടോ മുത്തശ്ശിയോടോ പോലും നിൽക്കാൻ കുട്ടി തയ്യാറാകുന്നില്ല. ഈ അമിതമായ ആശ്രയിക്കൽ തന്നെ മാനസികമായി ശ്വാസംമുട്ടിക്കുന്നുവെന്നാണ് ഈ അമ്മയുടെ തേങ്ങൽ.
താൻ ഒരു ദുർബലയായ അമ്മയായതുകൊണ്ടല്ല കരയുന്നതെന്നും, മകനോടുള്ള സ്നേഹത്തിന് കുറവില്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ സ്വന്തമായി ഒരിടം പോലും ഇല്ലാതെ വരുന്നത് ഏതൊരാളെയും പോലെ തന്നെയും ബാധിക്കുന്നുണ്ട്. ഉള്ളിൽ അനുഭവിക്കുന്ന സമ്മർദ്ദം പുറത്തുപറയുന്നത് മറ്റ് അമ്മമാർക്കും തങ്ങളുടെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കാൻ ധൈര്യം നൽകുമെന്ന് അവർ പ്രത്യാശിക്കുന്നു. അമ്മമാരോട് ദയ കാണിക്കണമെന്നും അവർ കടന്നുപോകുന്ന വൈകാരിക സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും ജഷിത് അഭ്യർത്ഥിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. തങ്ങളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി അമ്മമാരാണ് ജഷിത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മാതൃത്വത്തിലെ ഇത്തരം ‘അദൃശ്യമായ’ പ്രതിസന്ധികൾ ചർച്ചയാകേണ്ടതുണ്ടെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.




