പാലക്കാട്: തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസുകൾക്ക് ഷൊർണൂരിലും, പാലക്കാടും ഉജ്ജ്വല സ്വീകരണം നൽകി. ഇന്നലെ രാവിലെ 11.25 ന് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ആരംഭിച്ച നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഇന്നലെ വൈകിട്ട് 6.45 നാണ് ഷൊർണൂരിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയത്.
റെയിൽവേ അധികൃതരും ബിജെപി നേതാക്കളും, യാത്രക്കാരും ട്രെയിനിലേക്ക് പുഷ്പ്പവൃഷ്ടി നടത്തിയും, വാദ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയുമാണ് പുതിയ അമ്യത് ഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ചത്. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള യാത്രയിൽ ട്രെയിനിലെ ലോക്കോ പൈലറ്റായ ടി.ജെ മറിയ ഗൊരേത്തി, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് അശ്വതി ബാലചന്ദ്രൻ എന്നിവരെ ബിജെപി പ്രവർത്തകർ പൊന്നാട അണിയിച്ച് ഷൊർണൂരിൽ സ്വീകരിച്ചു.
പിന്നീട് ഷൊർണൂർ മുതൽ മംഗളൂരു വരെ ലോക്കോ പൈലറ്റ് പി. സുരേഷ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് അൻവർ അഹമ്മദ് എന്നിവർ യാത്രയിൽ പ്രവേശിച്ചു. എഡിആർഎം എസ്. ജയകൃഷ്ണൻ, അസിസ്റ്റൻ്റ് എൻജിനിയർ ജോൺ ക്ലമൻ്റ് , അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ എൻജിനീയർ വിനോദ്, സ്റ്റേഷൻ സിവിൽ എൻജിനീയർ സജി, സ്റ്റേഷൻ മാസ്റ്റർ ടി.പി. സന്തോഷ്, ആർപിഎഫ്, ബിജെപി നേതാക്കൾ, ബിജെപി കൗൺസിലർമാർ തുടങ്ങിയർ സ്വീകരണത്തിൽ പങ്കെടുത്തു. 18 മിനിറ്റിന് ശേഷം 7.03 നാണ് ഷൊർണൂരിൽ നിന്ന് മംഗളൂരുവിലേക്ക് യാത്ര പുനരാരംഭിച്ചു. 22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും, 8 സ്ലീപ്പർ കോച്ചുകളുമാണുള്ളത്.










