മല്ലപ്പള്ളി: ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്റെ മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കോഴിക്കോട് ചേവായൂരിലെ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, അരുണിന്റെ അച്ഛൻ റെജി ശാമുവേൽ എന്നിവരടക്കമുള്ളവരെ ആശ്വസിപ്പിച്ചു. അവയവദാനത്തിനും തുടർനടപടികൾക്കും സർക്കാർ നന്നായി പ്രവർത്തിച്ചെന്ന് വീട്ടിലുണ്ടായിരുന്ന മാർത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സൂചിപ്പിച്ചപ്പോൾ അതിന്റെ പത്തുമടങ്ങാണ് ആലിന്റെ കുടുംബത്തിന്റെ സദ്പ്രവൃത്തി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാജോർജ്, സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അധ്യക്ഷൻ അഡ്വ. ആർ. സനൽകുമാർ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.






