കണ്ണൂർ: പാനൂർ നഗരസഭാ പരിധിയിലെ പ്രധാന വ്യാപാരകേന്ദ്രവും കണ്ണൂർ–കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശവുമായ പെരിങ്ങത്തൂർ ടൗണിലെ പൊതുശൗചാലയം മാസങ്ങളായി പൂട്ടിക്കിടക്കുന്നതിനെതിരെ തൊഴിലാളികളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിൽ.
നൂറുകണക്കിന് കടകളിലും ഓഫീസുകളിലും പ്രവർത്തിക്കുന്ന തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ എന്നിവർ ദിവസേന ഉപയോഗിക്കുന്ന മൂത്രപ്പുരയാണ് പ്രവർത്തനരഹിതമായി തുടരുന്നത്. നാദാപുരം, പാനൂർ, കാരിയാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് പെരിങ്ങത്തൂർ ടൗൺ.
പരാതികൾ ഉയർന്നിട്ടും നഗരസഭ നടപടിയെടുക്കാത്തത് വ്യാപക പ്രതികരണത്തിന് ഇടയാക്കി. പത്ത് വർഷമായി യു.ഡി.എഫ് നഗരസഭ ഭരിച്ചുവരുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിൽ വലിയ വീഴ്ചയുണ്ടായതായാണ് പ്രദേശവാസികളുടെ ആരോപണം.




