ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കടപുഴകി വീണ വൻമരങ്ങളുടെ പട്ടിക കുറച്ച് നീളമേറിയതാണ്. കാലങ്ങളോളം തങ്ങളുടെ ഉരുക്ക് കോട്ടകളായി കൊണ്ടുനടന്ന മണ്ണിൽ അഴർ പലരും കാലിടറി വീണു. ഒരു പക്ഷേ, ഇനിയൊരിക്കലും ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന തരത്തിൽ വീണുപോയവർ. അതിന് കാരണങ്ങൾ ആ നേതാക്കളും അനുയായികളും തിരഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വീണ ഒരു മഹാമേരുവാണ് കെബി ഗണേഷ് കുമാർ. 25 വർഷം പ്രതിനിധാനംചെയ്ത പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ്‌കുമാറിനെ കൈവിട്ടതിനു പിന്നിലെ കാരണങ്ങളെ പറ്റി ചർച്ചകൾ സജീവമായിട്ടുണ്ട്. ഗണേഷിനെ വീഴ്ത്തുന്നതിൽ നിർണായകമായത് ‘ഉമ്മൻ ചാണ്ടി ഫാക്ടർ’ എന്നാണ് പൊതുവെയുള്ള അടക്കംപറച്ചിൽ.
സോളാർ കേസിലെ പ്രതി എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കാൻ നടത്തിയ ഗൂഢാലോചന ഗണേഷിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്ന് തന്നെയാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. ഈ വിഷയം കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഉയർന്ന് വന്നതും ജനങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതിൽ നിർണായകമായി. ഇതോടൊപ്പം എൻ.എസ്.എസ്. താലൂക്ക് യൂണിയനുമായുണ്ടായ പ്രശ്‌നങ്ങളും പരാജയത്തിലേക്കുള്ള പാത തുറന്നു.
മന്ത്രിസഭയിൽ നിന്ന് പുറത്തായതു മുതൽ ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയോട് പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഉൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സോളാർ കേസിലെ പ്രതി എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതാണ് ആരോപണങ്ങളിൽ മറ്റൊന്ന്. കേസ് ഇപ്പോൾ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് കഴിയുംവരെ കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാർ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. പിന്നാലെ അന്ന് ഈ വിഷയം നേരിട്ട് അറിഞ്ഞിരുന്ന ചിലർ വെളിപ്പെടുത്തലുകളും നടത്തി.
ഇതിനെല്ലാം പുറമെ, തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതികുമാർ ചാമക്കാലയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. മാങ്കോട്ട് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ, സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കി ഗണേഷ്‌കുമാർ ഇടതുപക്ഷത്തേക്ക് ചേക്കേറുകയായിരുന്നെന്ന് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയിരുന്നു. ഇത് ഒറ്റനോട്ടത്തിൽ സ്ഥിരം കേൾക്കുന്ന ഒരു ആരോപണമായി ഗണേഷ് പക്ഷം തള്ളിക്കളഞ്ഞിരുന്നെങ്കിലും അടിയൊഴുക്കിൽ കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു.
ഉമ്മൻ ചാണ്ടിയോട് ഗണേഷ്‌കുമാർ ചെയ്ത അനീതികൾ പ്രിയ നേതാവിന്റെ മകൻ എണ്ണിയെണ്ണിപ്പറഞ്ഞതും വോട്ടർമാർ ഏറ്റെടുത്തു. ‘ഈ മനുഷ്യൻ നീതിമാനായിരുന്നു’വെന്ന അടിക്കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ ഫ്‌ലെക്‌സ് ബോർഡുകൾ മണ്ഡലത്തിലാകെ കോൺഗ്രസ് ഉയർത്തുകയും ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും ജനങ്ങൾക്കിടയിലുള്ള പ്രീതിയെ ഇടതുപക്ഷം മുഖവിലയ്ക്ക് എടുത്തില്ല എന്നതും പതനത്തിന് കാരണമായി.
മറ്റൊന്ന്, തിരിഞ്ഞുകൊത്തിയ സാമുദായിക വോട്ടുകളാണ്. തിരഞ്ഞെടുപ്പടുത്ത കാലത്താണ് പദ്മ കഫേയുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ ഭാരവാഹികളും ഗണേഷ്‌കുമാറും തമ്മിലുള്ള അകൽച്ച തുടങ്ങിയത്. ഗണേഷിന്റെ വിജയത്തിൽ നിർണായകഘടകമായിരുന്ന എൻ.എസ്.എസ്. പിന്തുണ ഇത്തവണ കാര്യമായി ലഭിച്ചുമില്ല. പത്തനാപുരത്തെ എൻഎസ്എസ് വോട്ടുകൾ ഗണേഷിന്റെ വോട്ട് ബാങ്കിലെ നിർണായക ഘടകമായിരുന്നുവെന്ന് വ്യക്തം.
ഇത്രയും പ്രശ്നങ്ങൾക്കിടയിലേക്കാണ് ഗണേഷ് കുമാറിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽത്തന്നെയായിരുന്നു ഗണേഷും ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഇതും വോട്ടർമാർക്കിടയിൽ വലിയ രീതിയിൽ അതൃപ്തിക്ക് കാരണമായി. രാഷ്ട്രീയം വേറെ, സ്വകാര്യ ജീവിതം വേറെ എന്നെല്ലാം പൊതുവെ പറയാമെങ്കിലും ജനം വിധിയെഴുതുക ഒരാളെ ആകമാനം അളന്നിട്ട് തന്നെയാകും.
ഇത്രയും വിവാദങ്ങളും തിരിച്ചടികളുമെല്ലാം ഒരുവശത്ത് പുകയുമ്പോഴും മണ്ഡലത്തിൽ വർഷങ്ങളായി നടത്തിയ വികസനവും കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവന്ന മാറ്റങ്ങളുമെല്ലാം മുൻനിർത്തി വിവാദങ്ങളെ മറികടക്കാനായിരുന്നു ഗണേഷ് കുമാറിന്റെ ശ്രമം. അതും ജനം മുഖവിലയ്ക്കെടുത്തില്ല.
ഇനി ഇത് കേവലം ഒരു നേതാവിന്റെ മാത്രം പതനമല്ല. ഗണേഷ് കുമാറിന്റെ പരാജയം ബാധിക്കുന്നത് കേരള കോൺഗ്രസ് (ബി) എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിയെക്കൂടിയാണ്. നിയമസഭയിൽ പാർട്ടിക്ക് പ്രാതിനിധ്യം ഇല്ലാതായി. തദ്ദേശസ്ഥാപനങ്ങളിൽ മാത്രം പ്രാതിനിധ്യമുള്ള പാർട്ടിയായി മാറുകയും ചെയ്തു. പാർട്ടിയുടെ അടിത്തറയിളകി. പാർട്ടി പിറവിക്കുശേഷം ആദ്യമായി എം.എൽ.എ.മാർ ഇല്ലാതായ അവസ്ഥയാണ് ഇപ്പോഴുള്ളത്. 2006-ൽ സി.പി.എമ്മിന്റെ അയിഷാ പോറ്റിയോട് ആർ. ബാലകൃഷ്ണപിള്ള പരാജയപ്പെട്ടതോടെ കൊട്ടാരക്കരയിൽ ‘പിള്ള യുഗം’ അവസാനിച്ചെങ്കിലും പാർട്ടി പിടിച്ചുനിന്നിരുന്നു.
പക്ഷേ അങ്ങനെയല്ല ഇപ്പോഴത്തെ സാഹചര്യം. ബാലകൃഷ്ണ പിള്ളയ്‌ക്കൊപ്പം നിലയുറപ്പിച്ചവരെല്ലാം പാർട്ടിയോടു പിണങ്ങി അകന്നു. 28 ജനപ്രതിനിധികൾ ഉണ്ടായിരുന്ന പാർട്ടിക്ക് പത്തനാപുരത്തും കൊട്ടാരക്കരയിലും പുനലൂരുമായി നിലവിലുള്ളത് 11 പേർ മാത്രം. ഇപ്പോൾ ഗണേഷിന്റെ വീഴ്ച്ചയോടു കൂടി പാർട്ടിയുടെ ഭാവി എന്തായിരിക്കുമെന്നതും വലിയൊരു ആശങ്കയാണ്.
പത്തനാപുരത്തെ ഈ അപ്രതീക്ഷിത ഫലം രാഷ്ട്രീയ കേരളത്തിന് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. വികസന പ്രവർത്തനങ്ങൾക്കും വ്യക്തിപ്രഭാവത്തിനും അപ്പുറം, ജനകീയരായ നേതാക്കളോടുള്ള നിലപാടുകളും സാമുദായിക ഐക്യവും ജനാധിപത്യത്തിൽ എത്രത്തോളം നിർണ്ണായകമാണെന്ന് ഇത് അടിവരയിടുന്നു.
ചുരുക്കത്തിൽ, കെ.ബി. ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പരാജയമല്ല, മറിച്ച് തന്റെ രാഷ്ട്രീയ ശൈലിയും മുന്നണി ബന്ധങ്ങളും പുനർചിന്തനം ചെയ്യേണ്ട ഒരു ഘട്ടം കൂടിയാണ്. കേരള കോൺഗ്രസ് (ബി) എന്ന പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ, വരും കാലം ഗണേഷ് കുമാറിന് ഒരു കഠിനപരീക്ഷണം തന്നെയായിരിക്കും. ജനങ്ങളുടെ വൈകാരികതയെയും വിശ്വാസത്തെയും മുറിപ്പെടുത്തിയാൽ എത്ര വലിയ ‘ഉരുക്കുകോട്ടകളും’ തകർന്നടിയുമെന്ന് പത്തനാപുരം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.




