തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകരാണെന്ന് പൊലീസ്. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്യാമറയിലെ ദൃശ്യങ്ങളും ഉൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ചിനിടെ വടം മുറിക്കാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ചില സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകൻ അൽ അമീനെ പൊലീസ് കാട്ടാക്കടയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം എസ്‌എഫ്‌ഐ നിഷേധിച്ചു. ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സമരത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജും അതിക്രമവും അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഐഎച്ച്ആർഡി ഫീസ് വർധനയ്‌ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.






