തിരുവനന്തപുരം: അങ്കത്തട്ട് ഒരുങ്ങി. പോരിന് മൂര്‍ച്ച കൂട്ടാന്‍ മുന്നണികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ പ്രചരണ നടപടികള്‍ സജീവമാക്കാന്‍ തന്നെയാണ് മുന്നണികളുടെ തീരുമാനം.
തീയതി പ്രഖ്യാപിച്ച ഉടന്‍ ഇന്ന് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. എന്നാല്‍ പല മണ്ഡലങ്ങളിലും ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. പലയിടത്തും സമാനമായ പ്രശ്‌നം നേരിടുന്ന ബിജെപിയും നാളെയായിരിക്കും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. ആളുകളെ തീരുമാനിക്കപ്പെട്ട എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നാല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ചൂടുപിടിക്കും.
എല്‍ഡിഎഫിനെ സംബന്ധിച്ച് കാര്യങ്ങള്‍ താരതമ്യേന കൂടുതല്‍ തെളിഞ്ഞതാണ്. മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. സിപിഐയും അവരുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ചെറിയ പടലപ്പിണക്കങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒറ്റക്കെട്ടാണ് ഇടതിന്റെ കോട്ട. പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. ജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്നത് പിന്നീട് തീരുമാനിക്കും എന്നാണ് എംഎ ബേബി നേരത്തെ പറഞ്ഞത്. അതേസമയം, ഒടുങ്ങാത്ത ചേരിപ്പോരിന് നടുവിലാണ് യുഡിഎഫ്. കെ സുധാകരനടക്കം ഇടഞ്ഞു നില്‍ക്കുമ്പോള്‍ പല മണ്ഡലങ്ങളിലും ആരെ നിര്‍ത്തണമെന്ന കാര്യം പോലും ഇപ്പോഴും തീരുമാനമായിട്ടില്ല. പക്ഷേ ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തികാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം പി മാര്‍ മത്സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും ചെന്നിത്തല പറഞ്ഞു. പക്ഷേ ആ ആഗ്രഹം പ്രകടിപ്പിച്ചവരുടെ എണ്ണം ആറാണ് എന്നതാണ് നിലവിലെ പ്രശ്‌നം.
ബിജെപിയെ സംബന്ധിച്ച് രണ്ടും കല്‍പ്പിച്ചൊരു പോരാട്ടമാണ് ഇത്തവണ. കേരളത്തില്‍ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ അങ്കത്തിനിറങ്ങുന്നത്. തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്തി ജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ലക്ഷ്യം വെക്കുന്നില്ല. നേമവും പാലക്കാടും തൃശ്ശൂരുമെല്ലാം ബിജെപി പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളാണ്. നേമത്ത് ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്.






