കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മോഷണം. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമെത്തിയ മോഷ്ടാക്കൾ ഡ്രോണും ലാപ്ടോപ്പും കവർന്നു. കൂടാതെ ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
അഡ്മിഷൻ സെല്ലിൽ സൂക്ഷിച്ചിരുന്ന പുതിയ ഡ്രോണും ഒരു ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച പണം സൂക്ഷിച്ചിരുന്ന ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ വലിയ തുക കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷാ ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും മോഷ്ടാക്കളെ തടയാൻ കഴിഞ്ഞില്ല. പുലർച്ചെ ഹോസ്റ്റലിലെത്തിയ ഒരു വിദ്യാർത്ഥിയെ കണ്ടതോടെ മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നാല് പേരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഊന്നുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






