വിദേശ കുടിയേറ്റ നയത്തിൽ ഒരോ ദിവസവും ഒരോ നിയന്ത്രണങ്ങളുമായാണ് അമേരിക്കയുടെ വരവ്. ഇപ്പോഴിതാ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പ്രഫഷനലുകൾക്ക് ഇപ്പോൾ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നിരിക്കുകയാണ്. പുതിയ എച്ച്‍-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.
ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യു.എസ് വിസ ഓഫിസുകളിൽ അഭിമുഖത്തിന് സ്ലോട്ടുകൾ ലഭ്യമല്ല. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വെബ്സൈറ്റിൽ പുതിയ വിസ അഭിമുഖങ്ങൾ ഇതിനകം 2027ലേക്ക് മാറ്റിവെക്കുകയാണ്.
കഴിഞ്ഞ മാസം മുതലാണ് എച്ച്‍-1ബി വിസ അനുമതി വൈകാൻ തുടങ്ങിയത്. ഈ പ്രശ്നം പെട്ടെന്നൊന്നും മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നത്. അഭിമുഖത്തിന് തിയതി ലഭ്യമല്ലാത്തതിനാൽ യു.എസിലെ എച്ച്-1ബി വിസ ഉടമകൾ പുതുക്കുന്നതിനായി ഇന്ത്യയിലേക്ക് പോകാതിരിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയിൽ നല്ലത്.




