നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തൊരു പേരാണ് പിസി ജോർജിന്റേത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിസി ജോർജിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
പൂഞ്ഞാറിൽ പി.സി ജോർജില്ലാത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇല്ലെന്നു പറയുന്നതാവും ശരി. കാരണം മറ്റൊന്നുമല്ല, പി.സി. ജോർജ് എന്നപേരുമായി പൂഞ്ഞാർ മണ്ഡലം ഇഴചേർന്നിരിക്കുന്നു. ഏത് മുന്നണിയിൽനിന്നാലും അതിന്റെ തലപ്പത്തുള്ളവരെ മുഖം നോക്കാതെ വിമർശിക്കുകയും അതിന് നടപടി പേരിന് പോലും ലഭിക്കാതിരിക്കുകയും ചെയ്യുക എന്ന സൗഭാഗ്യവും രാഷ്ട്രീയത്തിൽ പി.സി.ക്ക് മാത്രമാണുള്ളത്.
ആ സ്വാതന്ത്രം പിസിക്ക് കൊടുത്തത് മണി ആശാൻ തന്നെയാണ്. രാഷ്ട്രീയ കളരിയിൽ സ്വന്തമായൊരു വഴിവെട്ടി വന്ന പി.സി. ജോർജ് ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിൽ ഉണ്ടാകുമോ, ഇല്ലയോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന ചോദ്യം. അതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരവും നൽകുകയുണ്ടായി.
‘ബി.ജെ.പി. നേതൃത്വം എന്ത് പറയുന്നോ, അത് അനുസരിക്കണം. പറഞ്ഞാൽ മത്സരിക്കും, ജയിക്കും,’ എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. പക്ഷേ, അതിന് സാധ്യത കുറവെന്നും അദ്ദേഹം വിലയിരുത്തുന്നു. മകനും ബി.ജെ.പി. വൈസ് പ്രസിഡന്റുമായ ഷോൺ ജോർജ് പാലായിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ ഇതിനോടകം പുറത്ത് വന്നിരുന്നു. അതിനാൽ പൂഞ്ഞാറിൽ മറ്റൊരു നേതാവ് വരാനാണ് സാധ്യതയെന്നും പി സി ജോർജ് പറയുകയുണ്ടായി.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടെ ഒരിക്കൽ മാത്രമാണ് പി.സി. ഇല്ലാതെ പൂഞ്ഞാറിൽ ഒരു തിരഞ്ഞെടുപ്പ് നടന്നത്. അത് 1991 ലാണ്. അതല്ലാതെ 1980 മുതൽ 2021 വരെ പി.സി. ജോർജ് ഇവിടെ കളത്തിലുണ്ട്. കേരള കോൺഗ്രസിന്റെ കളരിയിൽ തുടക്കം കുറിച്ച. കളരി ഭാഗംവെച്ചപ്പോൾ ആദ്യത്തെ ആശാൻ പി.ജെ.ജോസഫ്. ഇടക്കാലത്ത് ഇൗപ്പൻ വർഗ്ഗിസിനൊപ്പം ചെറിയൊരു ഗ്രൂപ്പിന്റെ ഭാഗമായി.
അവിടെനിന്ന് ജോസഫ് ഗ്രുപ്പിലേക്ക് മടങ്ങുകയും, മഹാലയനത്തിന് ശേഷം കെ.എം. മാണിയും പി.ജെ.യും ഒരേപോലെ ഗുരുക്കന്മാർ ആകുകയും ചെയ്തു. ഒടുവിൽ കേരള കോൺഗ്രസ് തറവാടുവിട്ടിറങ്ങി ജനപക്ഷം ഉണ്ടാക്കിയപ്പോഴും പി.സി.യെ പൂഞ്ഞാർ ചേർത്ത് പിടിച്ചിരുന്നു. രണ്ടിലയിൽനിന്ന് ജനപക്ഷംവഴി ഇപ്പോഴിതാ ബി.ജെ.പിയിൽ ദേശീയ സമിതിയംഗമായി എത്തി നിൽക്കുകയാണ് പിസി ജോർജ്.
കോട്ടയത്ത് ഉമ്മൻചാണ്ടിയും കെ.എം. മാണിയും കഴിഞ്ഞാൽ ഒരുമണ്ഡലം കേന്ദ്രീകരിച്ച് ഇത്രയേറെ നാൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയ മറ്റൊരു നേതാവും കോട്ടയത്ത് കാണില്ല എന്നതാണ് സത്യം. പൂഞ്ഞാറാശാൻ എന്ന് സ്നേഹത്തോടെ വിളിക്കുന്നവരും പി.സി. എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നവരും ഒരു കാര്യം സമ്മതിക്കും. ആ ശൈലി അദ്ദേഹത്തിന് മാത്രം. വെട്ടിത്തുറന്ന് സംസാരിച്ച് പലവട്ടം പുലിവാല് പിടിച്ച ജോർജ് പക്ഷേ, ബി.ജെ.പി. പാളയത്തിൽ ശാന്തമായ വഴിയിലാണ് ഉള്ളത്.
പാർട്ടി യോഗങ്ങൾക്ക് അദ്ദേഹം ഇപ്പോൾ അനിവാര്യനാണ്. വാക്കുകൊണ്ട് തീപിടിപ്പിച്ച് അദ്ദേഹം ആളെ കൈയിലെടുക്കും. ഇപ്പോൾ അല്പം ശ്രദ്ധയും ജാഗ്രതയുമുണ്ടെന്നതാണ് വാസ്തവം. അദ്ദേഹത്തെ തേടി വലിയ പദവികൾ വരുമെന്നാണ് അനുയായികൾ പറയുന്നത്. പിസിക്ക് തിളങ്ങാൻ പറ്റുന്ന ദേശീയ പദവികൾക്കായി അവർ കാത്തിരിക്കുന്നു. ‘പദവികൾക്കല്ലന്നേ, യോജിക്കാൻ കഴിയുമെന്ന് തോന്നിയതിനാൽ ബി.ജെ.പി.ക്കൊപ്പം മുന്നോട്ടുപോകുന്നു,’ എന്ന് അദ്ദേഹത്തിന്റെ കോട്ടയം ശൈലിയിലുള്ള മറുപടിയും കേൾക്കാം.
എന്നാൽ എന്തൊക്കെയായാലും പിസി ജോർജിനെ പൂഞ്ഞാറിൽ നിന്ന് മാറ്റി അവിടെ ആരെയാകും ബിജെപി കൊണ്ടുവരാൻ ഒരുങ്ങുന്നതെന്നതാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. പിസിക്ക് പകരമാകാൻ അവിടെ ഏത് നേതാവിന് കഴിയുമെന്ന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
ബിജെപിയിലേക്ക് ചേക്കേറിയത്തിൽ പിന്നെ പിസിയുടെ പൊടിപോലുമില്ല എന്ന് പറയുന്നവരുമുണ്ട്. മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ച് പറയുമെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ഈ കേരളത്തിൽ ആരും ഉണ്ടാകില്ല. പൂഞ്ഞാർ എന്ന് കേട്ടാൽ അദ്ദേഹത്തിന്റെ പേരാണ് ആദ്യം മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത്. എന്നാൽ പിസി ജോർജിനെ ഒതുക്കി നിർത്തുന്നതിലൂടെ അദ്ദേഹത്തിന് ഇനി ഗവർണർ പദവി കൊടുക്കാൻ ഉള്ള നീക്കമാണോ എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏതായാലും പൂഞ്ഞാറിൽ ആരാകും സ്ഥാനാർഥിയെന്നത് കണ്ടു തന്നെ അറിയണം.




