ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനം ആരെടുക്കുമെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടതിൽ തെറ്റില്ലെന്നും, കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ നേതാക്കൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്തേനെയെന്ന തന്റെ മുൻ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ ആരെ പിന്തുണച്ചുവെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




