തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ദീപിക പത്രത്തിന്റെ ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ മുഖപ്രസംഗങ്ങളിലൂടെ ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടുന്ന പത്രമാണ് ദീപികയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പത്രസ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രീഡം ഓഫ് പ്രസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 157-ആണെന്നും, ഈ വിഷയത്തിൽ രാജ്യം പിന്നാക്ക നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യം എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലാണെന്നും മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം രാജ്യത്ത് ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭരണാധികാരികൾ ഉൾപ്പെടെ എല്ലാവരും വിമർശനങ്ങൾക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ആരും വിമർശനത്തിന് അതീതരല്ലെന്നും, വിമർശനങ്ങളിലൂടെ തെറ്റുകൾ തിരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മാധ്യമങ്ങൾ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്രമായി പ്രവർത്തിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.





