പുൽപള്ളി: മാസങ്ങളായി മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയ കരിമംകുന്നിലും പരിസര പ്രദേശങ്ങളിലും വീണ്ടും കള്ളന്റെ സാന്നിധ്യം. സാന്ദീപനികുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ വീട്ടുകാർ കണ്ടതോടെയാണ് പ്രദേശത്ത് വീണ്ടും പരിഭ്രാന്തി പടർന്നത്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഇരുട്ടിൽ മറഞ്ഞു. പിന്നീട് സമീപത്തെ മറ്റു പല വീടുകളുടെ പരിസരത്തും കള്ളനെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
ഭീതിയിലാഴ്ത്തുന്ന രാത്രികൾകഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ രാത്രികാലങ്ങളിൽ അജ്ഞാതരുടെ സാന്നിധ്യം പതിവാകുകയാണ്. അർധരാത്രിയോടെ ഒരു വീട്ടുമുറ്റത്തെ ടാപ്പ് തുറന്നുവിട്ട സംഭവം പരിഭ്രാന്തി ഇരട്ടിയാക്കി. വെള്ളം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മോഷ്ടാക്കൾക്ക് പുറമെ സാമൂഹികവിരുദ്ധരോ മാനസിക വൈകല്യമുള്ളവരോ ആണോ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഈസ്റ്റർ രാത്രിയിൽ ഹക്കിം എന്നയാളുടെ വീട്ടിൽ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ബാലികയുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയും കവർന്നിരുന്നു. അന്ന് തന്നെ ആനപ്പാറയിലെ രണ്ട് വീടുകളിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നു. തിങ്കളാഴ്ച രാത്രി ലയൺസ് ക്ലബ് കുന്നിലെ ചില വീടുകളുടെ സമീപത്തും അജ്ഞാതനെ കണ്ടിരുന്നു. ആളുകൾ ഒത്തുകൂടിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
അടിക്കടിയുണ്ടാകുന്ന സംഭവങ്ങൾ പ്രദേശവാസികളുടെ സൈ്വരജീവിതം തകർത്തിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വീട്ടിൽ കഴിയാൻ ഭയമായതോടെ പലരും ബന്ധുവീടുകളിലും അയൽപക്കങ്ങളിലും അഭയം തേടി. യുവാക്കൾ സംഘടിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിവരങ്ങൾ കൈമാറുകയും ടോർച്ചും പന്തങ്ങളുമായി രാത്രികാലങ്ങളിൽ റോഡുകളിലും വീട്ടുപരിസരങ്ങളിലും കാവൽ നിൽക്കുകയുമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതിനാൽ പൊലീസിന് തുടർച്ചയായ അന്വേഷണം നടത്താൻ പരിമിതികളുണ്ട്. എങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ കള്ളനെ പിടികൂടുന്നത് വരെ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് പുൽപള്ളിയിലെ ഈ ഗ്രാമങ്ങൾ കടന്നുപോകുന്നത്.




