ന്യൂ ഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഫാസ്ടാഗ് ഇല്ലെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. സാധാരണ ടോള്‍ തുകയുടെ 1.25 മടങ്ങ് തുക നല്‍കേണ്ടി വരും. പണമടയ്ക്കാന്‍ കഴിയാതെപോകുന്ന വാഹന ഉടമകള്‍ക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. 15 ദിവസത്തിനു ശേഷവും പേയ്‌മെന്റ് നടത്താത്ത പക്ഷം ഈ നോട്ടിസ് സര്‍ക്കാരിന്റെ വാഹന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇത് വാഹനത്തിന്റെ ഫിറ്റ്‌നസ്, വില്‍പ്പന തുടങ്ങിയ കാര്യങ്ങളെ ബാധിക്കും.
പണം നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് ആകുന്നതോടെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. ചില്ലറ പൈസയെ ചൊല്ലിയും മറ്റും ടോള്‍ ബൂത്തുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.




