തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുത്തൻ ആഡംബര ഹോട്ടൽ നിർമ്മാണത്തിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ ശുപാർശ. വിമാനത്താവളം ഏറ്റെടുത്ത സമയം മുതൽ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 240 മുറികളുള്ള 660 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും.
നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാരെയും വിമാനക്കമ്പനികൾ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെയും പുതിയ ഹോട്ടലിൽ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുന്നത്. 136.31 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നേരത്തെ നൽകിയ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇഎസി ശുപാർശയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമ്മാണം. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്ര മന്ത്രാലയം സംസ്ഥാന സർക്കാരിനോടാണ് ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ എസ്ഇഐഎഎയുടെ (സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി) പാരിസ്ഥിതിക ശുപാർശ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കും.






