തിരുവനന്തപുരം: ഒറ്റ മഴയിൽ തലസ്ഥാനം വെള്ളത്തിലായ സംഭവത്തിൽ ബിജെപിക്കും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരത്തെ വെള്ളക്കെട്ട് യുഡിഎഫും ബിജെപിയും ചേർന്ന് സൃഷ്ടിച്ച സംയുക്ത വിസ്മയമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലാകെ മാലിന്യനീക്കവും ശുചീകരണവും പരാജയപ്പെട്ടതിന്റെ ഉദാഹരണമാണ് തലസ്ഥാനത്ത് ഉണ്ടായ വെള്ളക്കെട്ടെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ മേയർ ഗോവയിലാണ് പൊങ്ങിയതെന്നായിരുന്നു വി.വി. രാജേഷിനെതിരായ എം.ബി. രാജേഷിന്റെ പരിഹാസം. മേയർക്ക് ഇപ്പോൾ അടുപ്പുകൂട്ടുന്നതിലാണ് ഉത്സാഹമെന്നും അദ്ദേഹം വിമർശിച്ചു. കമ്മീഷൻ ലഭിക്കുന്ന കാര്യങ്ങളിൽ ആചാരം മറക്കുമെന്നും അല്ലാത്തപ്പോൾ ആചാരത്തിന്റെ പേരിൽ വോട്ട് വാങ്ങുമെന്നും എം.ബി. രാജേഷ് ആരോപിച്ചു.
മുൻപ് മഴ പെയ്താൽ വെള്ളത്തിലാകുമായിരുന്ന തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവന്നത് ഇടതുസർക്കാരാണെന്ന് എം.ബി. രാജേഷ് അവകാശപ്പെട്ടു. ഓപ്പറേഷൻ അനന്ത ഉൾപ്പെടെയുള്ള പദ്ധതികൾ നഗരത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മഴക്കാലപൂർവ ശുചീകരണം പാളിയെന്നും മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്രവണത വീണ്ടും വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാരിന്റെ കാലത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് 12 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇത്തരം നടപടികളെല്ലാം ഇപ്പോൾ നിലച്ചതായും ബിജെപി അധികാരത്തിലെത്തിയതോടെ നഗരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ വർധിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബ്ലൂ പ്രിന്റ്, ഇൻഡോർ മാതൃക, അഹമ്മദാബാദ് മാതൃക തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം ആദ്യം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് മേയർ ശ്രമിക്കേണ്ടതെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി.വി. രാജേഷും രംഗത്തെത്തി. നഗരത്തിൽ പെയ്തത് അസാധാരണമായ മഴയാണെന്നും ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി.
മുൻ മേയർ വി. ശിവൻകുട്ടിയുടെ കാലത്തെ വികലമായ കാഴ്ചപ്പാടുകളാണ് നഗരത്തെ തകർത്തതെന്നും സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിലൂടെ വി.കെ. പ്രശാന്ത് ആയിരം കോടി രൂപ നഷ്ടപ്പെടുത്തിയെന്നും വി.വി. രാജേഷ് തിരിച്ചടിച്ചു.
വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ തമ്പാനൂർ, ചാല, കിഴക്കേക്കോട്ട, ചാക്ക തുടങ്ങിയ നഗരത്തിലെ പ്രധാന പ്രദേശങ്ങളാണ് വെള്ളത്തിലായത്. ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കോർപ്പറേഷന്റെ ശുചീകരണ പ്രവർത്തനങ്ങളെയും ഭരണനടപടികളെയും ചൊല്ലി രാഷ്ട്രീയ പോര് ശക്തമായിരിക്കുകയാണ്.


