കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നതാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ആവശ്യം. ഇതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ തന്‍റെ പേരിലെ കൈലാസ് മാറ്റേണ്ടി വരുമോ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പരിഹാസ രൂപേണ ചോദിക്കുന്നത്. ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍.
“വല്ലാത്തൊരു അവസ്ഥയാണിത്. എന്‍റെ പേരിലെ കൈലാസ് എന്ന പേര് ഇനി കുഴപ്പമാവുമോ എന്നാണ്. ആ രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാതെ വർഗീയ നിറം കൊടുത്ത് കുഴപ്പമുണ്ടാക്കണ്ട. സെന്‍സര്‍ ബോർഡ് കലാരൂപങ്ങളെ ആവശ്യമില്ലാതെ കുത്തി കുത്തി നോവിക്കുകയാണ്. ഞാനിതിൽ ഒരുപാട് ബലിയാടായതാണ്”, എന്നായിരുന്നു ഷാജി കൈലാസ് പ്രതികരിച്ചത്.






