പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശം പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് മോശമായി പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
താൻ ഉദ്ദേശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും, പാലസ്തീൻ വിഷയത്തിൽ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ തോൽവി ഭയന്നുള്ളതാണെന്നും ഐസക് കൂട്ടിച്ചേർത്തു.
പാലക്കാട് എൽഡിഎഫ് ഉണ്ടാക്കിയെന്ന് പറയുന്ന ‘ഡീൽ’ ആരോപണങ്ങൾ തള്ളിയ അദ്ദേഹം, ബിജെപിയുമായി എൽഡിഎഫ് വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണവും നിഷേധിച്ചു. മതനിരപേക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കുന്നതിലാണ് കോൺഗ്രസിന് ആശങ്കയെന്ന് ഐസക് വിമർശിച്ചു.
പാലക്കാട് എൽഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവാദമായ ‘കോമാളി’ പരാമർശത്തിന് പിന്നാലെ പിഷാരടി പ്രതികരിക്കുകയും, അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ഐസക്കിനോട് തനിക്ക് സ്‌നേഹമുണ്ടെന്നും പറഞ്ഞിരുന്നു.






