ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ വിശ്വാസികളല്ലെങ്കിലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
വ്യക്തിസ്വാതന്ത്ര്യം മതവിശ്വാസികളുടെ അവകാശത്തെ ബാധിക്കരുതെന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശബരിമലയിൽ എല്ലാ മതക്കാരും പ്രവേശിക്കാമെങ്കിലും അവിടെ എത്തുന്നവർ ക്ഷേത്രത്തിന്റെ ആചാരങ്ങൾ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾ വിവിധ വിശ്വാസങ്ങളുള്ളവരാണെങ്കിലും ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അവിടത്തെ സമ്പ്രദായങ്ങൾ പിന്തുടരേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വിശ്വാസിയല്ലാത്തവരും ക്ഷേത്രത്തിൽ പോകുമ്പോൾ അവിടത്തെ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, അത്തരം സാഹചര്യത്തിൽ വ്യക്തിയുടെ അവിശ്വാസം പ്രകടിപ്പിക്കുന്ന അവകാശം താൽക്കാലികമായി നിയന്ത്രിക്കപ്പെടുമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.
കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെ ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ ഗുരുദ്വാരയിൽ പ്രവേശിക്കുമ്പോൾ തല മറയ്ക്കണം എന്ന ആചാരവും കോടതി ഉദാഹരണമായി പറഞ്ഞു.
2018ലെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിലെ വാദം പൂര്‍ത്തിയായിട്ടില്ല. അതിനാൽ അടുത്ത ബുധനാഴ്ച വീണ്ടും വാദം തുടരും. ദേവസ്വം ബോർഡ്, ശബരിമല തന്ത്രി, സംസ്ഥാന സർക്കാർ തുടങ്ങിയവരുടെ വാദങ്ങളും അന്ന് കേൾക്കും.




