റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ നേരത്തെ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്നാണ് പ്രദേശത്ത് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നത്. നിലവിൽ അപകട ഭീഷണി ഒഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. സംശയകരമായ സാഹചര്യങ്ങളിൽ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, യമനിലെ ഹൂതി മിലിഷ്യകൾ ജനവാസ കേന്ദ്രങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അബഹ, ഖമീസ് മുശൈത്ത്, ജാസാൻ, നജ്റാൻ എന്നിവിടങ്ങളെയാണ് ആക്രമണത്തിനായി ലക്ഷ്യമിട്ടതെന്നാണ് വിവരം.
അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അവിടെനിന്ന് ഫോട്ടോകളോ വീഡിയോകളോ പകർത്തരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ 998 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ സിവിൽ ഡിഫൻസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.












