ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രാവിന്റെ കാലില്‍ കൊട്ടിവെച്ച നിലയില്‍ ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ആര്‍എസ് പുര അതിര്‍ത്തിയില്‍ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ജമ്മു റെയില്‍വേ സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുമെന്ന സന്ദേശം അടങ്ങിയ ഒരു ചീട്ട് പ്രാവിന്റെ കാലില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കശ്മീര്‍ സ്വാതന്ത്ര്യമാകാന്‍ സമയം വന്നിരിക്കുന്നു, ജമ്മു റെയില്‍വേ സ്റ്റേഷന് സ്ഫോടനം നടത്തുമെന്നുമാണ് കുറിപ്പ്.
ഉറുദുവിലും ഇംഗ്ലീഷിലും ഭീഷണി സന്ദേശം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീഷണിക്ക് പിന്നാലെ ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡോഗ് സ്ക്വാഡുകളും ബോംബ് സ്ക്വാഡുകളും സുരക്ഷാ സേനയും റെയില്‍വേ സ്റ്റേഷന് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം വ്യാജമാണോ, അതോ ആസൂത്രിതമായ ഗൂഢാലോചനയാണോ എന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ ഭീഷണി ഗൗരവമായി എടുത്ത് റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.






