മലപ്പുറം: മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അരിപ്രയിൽ താമസിക്കുന്ന വിഷ്ണു (20), കുറ്റിപ്പുറം സ്വദേശി നിതിൻ ദാസ് (21), തവനൂർ സ്വദേശി റിജിൻ ദാസ് (22) എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തും ബൈക്കുകളും വാഹന ബാറ്ററികളും നിരന്തരം മോഷണം പോയതിനെ തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വളാഞ്ചേരി പൊലീസും തിരൂർ ഡാൻസാഫ് സംഘവും ചേർന്ന് അന്വേഷണം നടത്തി. ഇതോടെയാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂർ പേരാമംഗലം, കോട്ടയം കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും വാഹന ബാറ്ററികളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി മേഖലകളിൽ വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളിൽ റിജിൻ ദാസിനെതിരെ തൃശ്ശൂർ ജില്ലയിലും തിരൂരിലും നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.


