കോഴിക്കോട്: തിരുവനന്തപുരം പാളയം കൊലപാതകക്കേസിൽ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവായ ദീപകിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ദീപക് ലഹരിക്ക് അടിമയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
പൊലീസിന്റെ വിശദീകരണമനുസരിച്ച്, ബിജുവിന്റെ നേതൃത്വത്തിൽ ദീപകിനെ ഡി-അഡിക്ഷൻ സെന്ററിലും മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രതി ഉപയോഗിച്ചതായി കരുതുന്ന കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും ദീപകിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ മൂന്നോടെ പാളയത്തെ ഒറ്റമുറി വീട്ടിലാണ് ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളുണ്ടായിരുന്നു. കഴുത്തിന്റെ മുൻവശത്തും പിൻവശത്തുമായി 18 കുത്തേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരിക്കാം ആക്രമണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്നായിരുന്നു ബിജുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രദേശത്തെ ലഹരി പ്രവർത്തനങ്ങളെക്കുറിച്ച് ബിജു പൊലീസിന് വിവരം നൽകിയിരുന്നുവെന്നും അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിച്ചത്. എന്നാൽ ഈ വാദം പൊലീസ് തള്ളി. അത്തരത്തിൽ ബിജു പൊലീസിന് വിവരമൊന്നും നൽകിയിട്ടില്ലെന്നും കുടുംബത്തിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.


