കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി കാമ്യക (21) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്നാണ് നടപടി എടുത്തത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 108.28 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽകുമാർ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ്. ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് യുവാക്കൾക്ക് ലഹരി വിൽക്കുന്നതാണ് ഇയാളുടെ രീതി. പോലീസ് സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിച്ചിരുന്നത്.എസ്.ഐ.മാരായ വി.കെ. ഏലിയാസ്, എ.വി. ബിജു, എ.എസ്.ഐ.മാരായ ഇ. ജമീല, എം.വി. ജയശ്രീ എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




