കോട്ടയം: റോഡരികിൽ നിന്ന് ലഭിച്ച പണം അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി നാല് കുട്ടികൾ മാതൃകയായി. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ.ജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, കൂടാതെ അവധിക്ക് എത്തിയ സഹോദരിയുടെ മക്കളായ ആരാധിയ മിജേഷ്, കാശി സുരേഷ് എന്നിവർക്കാണ് ഏകദേശം 8500 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കടയിലേക്ക് പോകുന്നതിനിടെ റോഡരികിൽ കിടന്നിരുന്ന പഴ്സ് കുട്ടികൾ കണ്ടെത്തി. അവർ ഉടൻ തന്നെ ഇത് വീട്ടുകാരെ ഏൽപ്പിച്ചു. വീട്ടുകാരോടൊപ്പം പഴ്സ് പരിശോധിച്ചപ്പോൾ ഉടമയെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല.
തുടർന്ന് കുട്ടികളും വീട്ടുകാരും ചേർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. ഇതിനിടെ പഴ്സ് നഷ്ടപ്പെട്ടതായി ഒരാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് ഇയാളുമായി ബന്ധപ്പെട്ടു. കോട്ടയം പാക്കിൽ സ്വദേശി ഷികിൽ ഷിജുവിന്റേതായിരുന്നു പഴ്സ്. ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് കുട്ടികൾ പണം അടങ്ങിയ പഴ്സ് ഷികിലിന് കൈമാറി.




