തൃശ്ശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികരായ മൂന്ന് സഹോദരിമാരിൽ ഒരാൾ മരിച്ചു. മുള്ളൂർക്കര സ്വദേശി സരോജിനി ആണ് മരിച്ചത്. സഹോദരിമാരായ ജാനകി, ദേവി എന്നിവർ ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബജീവിതം. ജാനകി മുൻകാലങ്ങളിൽ കൂലിപ്പണിക്ക് പോയിരുന്നു. ദേവി ദീർഘകാല രോഗിയാണ്. സ്വന്തമായി വീടും ഭൂമിയും ഉണ്ടായിരുന്ന ഇവർ, നാലുവർഷം മുൻപ് സ്വത്തുമുഴുവൻ ഗുരുവായൂരപ്പന് എഴുതി നൽകി. തുടർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം.
ഏതാനും മാസം മുൻപ് അവിടെനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. വെള്ളിയാഴ്ച മൂവരെയും പുറത്ത് കാണാനില്ലാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജിനി മരിച്ചിരുന്നു.






