മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് ദുരന്തം.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
വെള്ളച്ചാട്ടത്തിന്റെ മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ഒരാൾ വഴുതി വീണതും, രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും വെള്ളത്തിൽ പതിച്ചതുമാണെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്തി.
വെള്ളത്തിൽ ഒഴുകിപ്പോയ മൂന്ന് പേരുടെ മൃതദേഹങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.




