ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന ഇരട്ടക്കൊലക്കേസിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗുർക്കരൻ സിങ്, അഭിജീത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി കുറ്റക്കാരായി വിധിച്ചത്. കവർച്ചയ്ക്കിടെയുണ്ടായ കൊലപാതകമാണിതെന്ന് കോടതി നിരീക്ഷിച്ചു.
2022 മേയിൽ അബോട്ട്സ്ഫോർഡിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദമ്പതികളായ അർനോൾഡ് ഡി ജോങ് (77), ജോവന്നെ ഡി ജോങ് (76) എന്നിവരുടെ കൊലപാതകക്കേസിലാണ് വിധി. പണം ലക്ഷ്യമിട്ട് പ്രതികൾ കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതായുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വീട്ടിൽ നിന്ന് കടപ്പത്രങ്ങൾ, ചെക്കുകൾ, വെള്ളം തളിക്കുന്ന യന്ത്രം എന്നിവ മോഷ്ടിച്ചതായും കോടതിയിൽ തെളിഞ്ഞു. പ്രതികളായ മൂന്നുപേരും അഭിജീത് സിങ്ങിന്റെ ശുചീകരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്.
കൊലപാതകത്തിന് മുമ്പ് ഇവർ അർനോൾഡിന്റെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികളെ വീട്ടിലെ രണ്ട് മുറികളിലായി കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അർനോൾഡിന്റെ തലയും മുഖവും ഒട്ടുപട്ട കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ജോവന്നെ രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു. ഇരുവരുടെയും കൈകാലുകൾ കയർ ഉപയോഗിച്ച് ബന്ധിച്ചിരുന്നു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നെയെ കഴുത്തറുത്തുമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് കോടതി വ്യക്തമാക്കി.






