തൃശൂർ: വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദ് (25) ആണ് പിടിയിലായത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ എന്ന പൊലീസുകാരനാണ് മർദനമേറ്റത്.
ബസുകാരുമായി തർക്കത്തിലേർപ്പെട്ട ഹരിഗോവിന്ദനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വനിതാ സിവിൽ പൊലീസ് ഓഫീസറെയും പ്രതി ആക്രമിച്ചു.
തലയ്ക്ക് പരിക്കേറ്റ പ്രവീണിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും ഇയാൾ അക്രമാസക്തനായി. പിന്നീട് ചോദ്യം ചെയ്യുന്നതിനിടെ പ്രതി പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു.
അക്രമം, അറസ്റ്റ്, പ്രതി കരയുന്ന ദൃശ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വീഡിയോ കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘കരയാതെ കണ്ണുറങ്ങ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവെച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.


