ഗൂഡല്ലൂർ: നീലഗിരിയിലെ കോത്തഗിരി സോളൂർ മട്ടത്തിലെ സ്വകാര്യ തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയപ്പെട്ട തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടത്.
ഏകദേശം 20 അടി ആഴമുള്ള കിണറ്റിലാണ് ജഡം കണ്ടെത്തിയത്. വന്യജീവികളെയോ വളർത്തുമൃഗങ്ങളെയോ പിന്തുടർന്നതിനിടയിൽ കടുവ കിണറ്റിൽ വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.






