തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു വിൽപനയിൽ പുതിയ റെക്കോർഡ്. 2026 മെയ് മാസത്തിൽ 1.21 കോടിയിലധികം ലഡ്ഡുകളാണ് വിറ്റഴിഞ്ഞത്. ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ലഡ്ഡു വിൽപനയാണിത്.
തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മെയ് മാസത്തിൽ 1,21,35,528 ലഡ്ഡുകളാണ് ഭക്തർ വാങ്ങിയത്. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024 മെയ് മാസത്തിൽ 1.01 കോടി ലഡ്ഡുവും 2025 മെയ് മാസത്തിൽ 1.1 കോടി ലഡ്ഡുവുമായിരുന്നു വിറ്റഴിഞ്ഞത്.
ലഡ്ഡുവിനുള്ള ആവശ്യകത വർധിച്ചതോടെ ഉൽപാദനവും കൂട്ടിയതായി അധികൃതർ അറിയിച്ചു. ദിവസേന നാല് ലക്ഷത്തിലധികം ലഡ്ഡുകളാണ് തയ്യാറാക്കുന്നത്. ഇതിനായി ഏകദേശം 68 ടൺ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നു. ഉൽപാദനത്തിനായി 32 ടൺ പഞ്ചസാര, 16 ടൺ കടലമാവ്, 16 ടൺ നെയ്യ്, 3.5 ടൺ കശുവണ്ടി, 2 ടൺ ഉണക്കമുന്തിരി, 400 കിലോഗ്രാം ഏലക്ക, 800 കിലോഗ്രാം കൽക്കണ്ടം എന്നിവ ഉപയോഗിക്കുന്നു.
ഒരു ലഡ്ഡു തയ്യാറാക്കാൻ 170 ഗ്രാം സാമഗ്രികളാണ് ആവശ്യമായത്. ഇതിൽ പഞ്ചസാര, കടലമാവ്, നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയവ ഉൾപ്പെടുന്നു. ഭക്താക്കൾക്ക് ലഡ്ഡു വിതരണം ചെയ്യുന്നതിനായി ക്ഷേത്ര പരിസരത്ത് 56 ലഡ്ഡു കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ലഡ്ഡു വിൽപനയിലും ഓരോ വർഷവും വലിയ വർധനവുണ്ടാകുന്നതായി ടിടിഡി അധികൃതർ വ്യക്തമാക്കി.






