തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കുടുംബത്തിന്റെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐയ്ക്ക് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതോടൊപ്പം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തുടക്കം മുതൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കണ്ട നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷവും നേരത്തെ പിന്തുണച്ചിരുന്നു.
കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ പി.പി. ദിവ്യ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ സമഗ്രമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നവീൻ ബാബുവിന്റെ മരണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. തുടക്കത്തിൽ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം നേതൃത്വം, പിന്നീട് സിബിഐ അന്വേഷണത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രവുമായി ഒത്തുകളിച്ചാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണവും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. അതേസമയം, മുൻ റവന്യൂ മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ നവീൻ ബാബുവിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.






