കലി തുള്ളിയെത്തുന്ന ഭീമൻ തിരകൾ കരയെ വിഴുങ്ങുന്ന ഞെട്ടലിനെ ലോകം സുനാമി എന്ന് വിളിച്ചത് മനുഷ്യൻ കണ്ട ആ പ്രതിഭാസത്തിന്റെ ഭീകരത കണ്ടാണ്. ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം. 2015 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി ബോധവത്ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സുനാമി ബോധവത്ക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. അനേകം മനുഷ്യർ വേരറുക്കപെടുകയും, ആവാസ വ്യവസ്ഥ തകിടം മറിയുകയും ചെയ്യുന്ന കടലിന്റെ താണ്ടവം.
ലോക സുനാമി ബോധവത്ക്കരണ ദിനം ജപ്പാന്റെ ആശയമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം കയ്‌പേറിയ അനുഭവങ്ങള്‍ കാരണം ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിനും, ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്തത്തിന് ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിനും ജപ്പാന്‍ ഏറെ മുന്നിലാണ്. 2030 ഓടെ, ലോകജനസംഖ്യയുടെ 50 ശതമാനവും വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി എന്നിവയ്ക്ക് വിധേയമായ തീരപ്രദേശങ്ങളിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കുന്നത്.
‘സുനാമി’ എന്ന വാക്ക് ഒരു ജാപ്പനീസ് പദമാണ്. ‘സു’ എന്നാല്‍ തുറമുഖം. ‘നാമി’ എന്നാല്‍ തിരമാല. ഇവ ചേര്‍ന്നാണ് ‘സുനാമി’ എന്ന വാക്കുണ്ടായത്. സമുദ്രത്തിനടിയിലോ സമീപത്തോ സംഭവിക്കുന്ന ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വലിയ തിരമാലകളുടെ ഒരു പരമ്പരയാണ് സുനാമി. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, മണ്ണിടിച്ചിലുകള്‍, തീരപ്രദേശത്തെ പാറമടകള്‍ എന്നിവയും സുനാമിയ്ക്ക് കാരണമാകാം. കടലിന്റെ അടിത്തട്ടിലെ ലംബമായ ചലനത്തില്‍ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്. സുനാമി തിരമാലകള്‍ ജലത്തിന്റെ വലിയ മതിലുകള്‍ പോലെയാണ് കാണപ്പെടുന്നത്. ഇവ തീരപ്രദേശത്തെ ആക്രമിക്കുകയും മണിക്കൂറുകളോളം അപകടമുണ്ടാക്കുകയും ചെയ്യും. ഓരോ 5 മുതല്‍ 60 മിനിറ്റിലും തിരമാലകള്‍ വന്നു കൊണ്ടിരിക്കും. സുനാമിയുടെ ആദ്യ തിരമാലകളായിരിക്കില്ല ഏറ്റവും വലുത്. പലപ്പോഴും രണ്ടാമത്തെയോ മൂന്നാമത്തെയോ അതിന് ശേഷമുള്ളതോ ആയിരിക്കാം ഏറ്റവും വലിയ തിരമാലകള്‍.
ഭൂകമ്പങ്ങളും സുനാമിയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ എല്ലാ ഭൂകമ്പങ്ങളും സുനാമിക്ക് കാരണമാകില്ലയെന്നതും വസ്തുതയാണ്. ഭൂകമ്പം സമുദ്രത്തിനുള്ളിൽ സംഭവിക്കുമ്പോഴാണ് സുനാമിയുണ്ടാകുന്നത്. മാത്രമല്ല ഇത് ശക്തമായ ഭൂകമ്പമായിരിക്കണം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയെങ്കിലുമുള്ള ഭൂകമ്പമാണ് സുനാമിയ്ക്ക് കാരണമാകുന്നത്. മനുഷ്യരാശി കൂടുതൽ കരുതലോടെ ഇതിനെ വീക്ഷിക്കുന്നു എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.
അനൂപ് വിഎം


