കോട്ടയം: കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട് പ്രാഥമിക പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോണ്‍ ജോര്‍ജ് അറിയിച്ചു.
റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും,സംസ്ഥാനസര്‍ക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് സമര്‍പ്പിച്ചത്.
മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ 40 കിലോമീറ്റര്‍ ഉള്ളില്‍ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനമാണ് ഈ പ്രദേശത്തെ സമഗ്ര ടൂറിസം വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നുള്ളത്.
രണ്ടുവര്‍ഷക്കാലത്തെ അധ്വാനം കൊണ്ട് മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും സമഗ്രമായ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞതില്‍ വേറെ അഭിമാനം ഉണ്ട് എന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് അറിയിച്ചു.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്, മാര്‍മല അരുവി, വാഗമണ്‍,മുതുകോരമല,പൂഞ്ഞാര്‍ കൊട്ടാരം,അരുവിക്കിച്ചാല്‍ വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, വേങ്ങത്താനം വെള്ളച്ചാട്ടം, പുല്ലേപ്പാറ,ഇരുകണ്ണിക്കയം, വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം, കോട്ടത്താവളം വെള്ളച്ചാട്ടം, കാവാലി വ്യൂ പോയിന്റ്,മേലുകാവ് ഗുഹ, തങ്ങള്‍പാറ, കുരിശുമല,മുരുകന്‍ മല,മാദാമ്മ കുളം, അടുക്കം തൂക്കുപാലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്.










