തൃശ്ശൂർ: ട്രെയിനിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വേണാട് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹം പുഴയിലേക്ക് വീണത്. സംഭവം കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം മൃതദേഹം കണ്ടെത്താനായില്ല. വെള്ളിയാഴ്ച വീണ്ടും മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷമാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. അങ്കമാലിയിലെ കരയാംപറമ്പിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.






