ന്യൂഡൽഹി: ബീഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തിൽ നിന്ന് പാറ്റ്‌നയിലേക്ക് പുറപ്പെടാനിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിലെ ഒരു കോച്ചിലാണ് തീപിടിത്തമുണ്ടായത്.
സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം. കോച്ചിൽ നിന്ന് ഉയർന്ന കനത്ത കറുത്ത പുക യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ബി-1 കോച്ചിന് പിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാനാണ് പൂർണമായും കത്തിനശിച്ചത്. സംഭവത്തെ തുടർന്ന് തീപിടിച്ച ഭാഗം ട്രെയിനിൽ നിന്ന് ഉടൻ വേർപെടുത്തി.
കോച്ചിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നാലെ റെയിൽവേ ജീവനക്കാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ട്രെയിനിൽ നിന്ന് പടർന്ന തീ സമീപത്തെ ചില മരങ്ങളിലേക്കും വ്യാപിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.






