കോട്ടയം : കോണത്താറ്റ് പാലത്തിലെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കെ, കുമരകത്തെ പ്രധാന ബൈപ്പാസ് പാത യാതൊരു മുന്നറിയിപ്പുമില്ലാതെ കുത്തിപ്പൊളിച്ചത് വലിയ യാത്രാക്കുരുക്കിന് കാരണമായി. ഇന്ന് രാവിലെ മുതലാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കോൺക്രീറ്റ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.
കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ, കുമരകത്തേക്കും തിരിച്ചുമുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ബൈപ്പാസ് പാതയെയാണ്. ബൈപ്പാസിലെ കനത്ത തിരക്ക് കണക്കിലെടുക്കാതെയും, യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാതെയുമുള്ള റോഡ് പണി കാരണം ഗതാഗതം പൂർണ്ണമായും താറുമാറായി. കോണത്താറ്റ് പാലം ടാറിംഗിനായി ഗതാഗതം നിരോധിച്ച അതേ ദിവസം തന്നെ ഹൈ സ്കൂൾ റോഡ് കുത്തിപ്പൊളിച്ചത് യാത്രക്കാരോടും നാട്ടുകാരോടുമുള്ള വെല്ലുവിളിയാണെന്നാണ് വ്യാപകമായി ആക്ഷേപം ഉയരുന്നത്.










